2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ലെയ്ക ക്യാമറ; ജോണി ഐവിന്റെ ഡിസൈന്‍

ലെയ്ക ക്യാമറ; ജോണി ഐവിന്റെ ഡിസൈന്‍
********************************

ആപ്പിളിന്റെ ഡിസൈന്‍ മേധാവി ജോണി ഐവ് ഒരു ലെയ്ക ക്യാമറ രൂപകല്‍പ്പന ചെയ്താല്‍ എങ്ങനെയുണ്ടാകും. അങ്ങനെയൊരു കാര്യം ചിന്തിച്ച് ഇനി അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം, 'ലെയ്ക എം' എന്ന പേരില്‍ അത്തരമൊരു ക്യാമറ ലേലത്തിനെത്തുകയാണ്.

ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ജോണി ഐവും ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ മാര്‍ക് ന്യൂസണും ചേര്‍ന്ന് ലെയ്ക എം ഡിസൈന്‍ ചെയ്തത്.

ജോണി ഐവ് ഡിസൈന്‍ ചെയ്ത ക്യാമറ എളുപ്പത്തില്‍ സ്വന്തമാക്കാമെന്ന് കരുതേണ്ട. ഏഴര ലക്ഷം ഡോളര്‍ (നാലര കോടി രൂപ) വരെ അതിന് ലേലത്തുക വന്നേക്കാമെന്ന് മതിപ്പുകണക്ക്.

ലെയ്ക എം സ്‌പെഷ്യല്‍ എഡിഷന് അലുമിനിയം ബോഡിയാണുള്ളത്. 85 ദിവമെടുത്തു ക്യാമറ നിര്‍മിക്കാന്‍. അതിനിടെ 550 വ്യത്യസ്ത മോഡലുകളും ആയിരം പ്രാഥമിക ഭാഗങ്ങളും നിര്‍മിക്കപ്പെട്ടു. 55 എന്‍ജിനിയര്‍മാര്‍ അതിലുള്‍പ്പെട്ടതായി ബിബിസിയുടെ റിപ്പോര്‍ട്ട് പറയുന്നു.

7000 ഡോളര്‍ (4.3 ലക്ഷം രൂപ) വിലയുള്ള ലെയ്കയുടെ സ്റ്റാന്‍ഡേര്‍ഡ് ക്യാമറകളിലെ ഫീച്ചറുകളാകും ലെയ്ക എമ്മിലുണ്ടാവുക - 24 മെഗാപിക്‌സല്‍ ഫുള്‍ ഫ്രെയിം CMOS സെന്‍സര്‍ , 50 എംഎം f/2 അപ്പെര്‍ച്ചര്‍ ലെന്‍സ്.

റെഡ് ചാരിറ്റിക്കായി നവംബര്‍ 23 ന് ന്യൂയോര്‍ക്കിലാണ് ക്യാമറ ഉള്‍പ്പടെയുള്ളവയുടെ ലേലം നടക്കുക. ലേലത്തുക മുഴുവന്‍ എയ്ഡ്‌സ്, ക്ഷയരോഗം, മലമ്പനി തുടങ്ങിയവ ചെറുക്കാനുള്ള ഗ്ലോബല്‍ ഫണ്ടിലേക്ക് പോകും.
>>>>>>>>>-------******--------<<<<<<<<<<<

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ